International
റിയാദ്: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. അസീർ പ്രവിശ്യ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെങ്കിലും മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തൊടുത്തുവിട്ട മിസൈലാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന തടഞ്ഞത്. അസീർ പ്രവിശ്യയിലെ അഹദ് റഫീദ ഗവർണറേറ്റിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണശ്രമങ്ങൾ നേരിടാൻ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം മദീനയിലെ തൈബ സിവിലിയൻ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയതായും സഖ്യസേന അറിയിച്ചു. കഴിഞ്ഞ 29ന് പുലർച്ചെ 5.11നായിരുന്നു ആക്രമണം. ആക്രമണസ്ഥലത്തുനിന്ന് ലഭിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്ന് സ്ഥിരീകരിച്ചതായി സഖ്യസേനാ വക്താവ് പറഞ്ഞു.
International
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. തായിഫ് - റാനിയ റോഡിലുണ്ടായ ദാരുണസംഭവത്തിൽ കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ.
അപകടത്തിൽ ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകരായ തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരും മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും ജീവൻ നഷ്ടപ്പെട്ടു. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ച മലയാളി നഴ്സുമാർ.
അവധിദിനത്തിൽ ഷോപ്പിംഗിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ സൗദി പൊലിസ് അന്വേഷണം ആരംഭിച്ചു.
International
ടെഹ്റാൻ: സൗദി അറേബ്യയെ സഹായിച്ചാൽ ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെങ്കടലിലെ ബാബ് അൽ മന്ദേബ് പിടിച്ചെടുക്കാൻ ശ്രമിക്കരുതെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പുണ്ട്.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടും ഡ്രോൺ ഷോയും സൗദി അറേബ്യ മാറ്റിവച്ചു. രാജ്യത്തേയ്ക്ക് ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 23നാണ് സൗദി ദേശീയദിനം ആഘോഷിക്കുന്നത്.
International
വാഷിംഗ്ടണ് ഡിസി: സൗദി അറേബ്യയില് ഹൂതികളുടെ മിസൈല്, ഡ്രോണ് ആക്രമണങ്ങള് തുടരുന്ന സാഹചര്യത്തില് സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥര്ക്ക് കര്ശന ജാഗ്രതാ നിര്ദേശം നല്കി അമേരിക്ക. സൗദിയിലുള്ള അമേരിക്കന് സര്ക്കാര് ഉദ്യോഗസ്ഥര് തായിഫ്, യാന്ബു എന്നീ നഗരങ്ങളിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്രകള് നടത്തുന്നതിന് ഇനി മുതല് പ്രത്യേക അനുമതി വാങ്ങണം. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് സൗദിയിലെ യുഎസ് മിഷന് എക്സിലൂടെ അറിയിച്ചു.
രാജ്യത്തുള്ള അമേരിക്കന് പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്ദേശങ്ങള് കര്ശനമായി പിന്തുടരണമെന്നും യുഎസ് മിഷന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അമേരിക്കന് പൗരന്മാര്ക്കുള്ള സാധാരണ കോണ്സുലാര് സേവനങ്ങളും അടിയന്തര സേവനങ്ങളും മുടങ്ങില്ലെന്നും അധികൃതര് അറിയിച്ചു.
സൗദിയിലുള്ള അമേരിക്കക്കാര് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റിന്റെ സ്മാര്ട്ട് ട്രാവലര് എന്റോള്മെന്റ് പ്രോഗ്രാമില് രജിസ്റ്റര് ചെയ്യണമെന്ന് യുഎസ് മിഷന് നിര്ദേശിച്ചിട്ടുണ്ട്. പ്രാദേശിക വാര്ത്തകളും ഔദ്യോഗിക അറിയിപ്പുകളും ശ്രദ്ധിക്കുക, മൊബൈല് ഫോണുകള് എപ്പോഴും ചാര്ജ് ചെയ്ത് സൂക്ഷിക്കുക, സൗദി അധികൃതരുടെ നിര്ദേശങ്ങള് പാലിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്ദേശങ്ങള്. വ്യോമാക്രമണം ഉണ്ടായാല് ജനലുകള്ക്കും ചില്ലുവാതിലുകള്ക്കും അടുത്തുനിന്ന് മാറിനില്ക്കണമെന്നും വലിയ ആള്ക്കൂട്ടങ്ങള് ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
International
റിയാദ്: റിയാദിലെ തന്ത്രപ്രധാനമായ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഹൂതികൾ. യാൻബുവിലെ അരാംകോയും ആക്രമിച്ചതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ ബിഷ, ത്വായിഫ്, ഫർസാൻ, യാംബു എന്നിവിടങ്ങളിലെ ആക്രമണശ്രമങ്ങൾ സൗദി ചെറുത്തു.
അതേസമയം സൗദിയും ഹൂതികളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇറാനുമായുള്ള ചർച്ചകൾക്കായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി നാളെ ടെഹ്റാനിലെത്തും.
അതിനിടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മുന്നിൽ ഖത്തർ മുഖേന ഉപാധികൾ അറിയിച്ച് ഇറാൻ. ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ സുരക്ഷാ മേധാവി മോഷെൻ റെസായി പറഞ്ഞു. പശ്ചിമേഷ്യയിലെ ഒമ്പത് രാജ്യങ്ങളിലുള്ള പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകി.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ, ചരക്ക്, വാതകം എന്നിവയുടെ അളവ് ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നും പ്രധാന ഗതാഗത പാതകളിൽ മൈനുകൾ ഇല്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. എന്നാൽ അമേരിക്കൻ സേനയുടെ അവകാശവാദം തെറ്റാണെന്ന് ഇറാൻ സൈന്യം അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: സൗദി അറേബ്യക്ക് 48 എഫ്-35 ലൈറ്റ്നിംഗ് -2 യുദ്ധവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിനുള്ള ആയുധക്കരാറിന് യുഎസ് വിദേശകാര്യവകുപ്പ് അനുമതി നൽകി. 2430 കോടി ഡോളറിന്റേതാണ് (2.3 ലക്ഷം കോടി രൂപ) ഈ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാന ഇടപാട്. യുഎസ് കോൺഗ്രസ് അംഗീകരിച്ചാലേ തീരുമാനം അന്തിമമാകൂ.
48 വിമാനങ്ങൾക്കായി 49 പ്രാറ്റ് ആൻഡ് വൈറ്റ്നി എഫ്135-പിഡബ്ല്യു-100 എൻജിനുകൾ പാക്കേജിലുണ്ട്. ഒപ്പം ആയുധ സംവിധാനങ്ങൾ, പരിശീലന ഉപകരണങ്ങൾ, സിമുലേറ്ററുകൾ, സോഫ്റ്റ്വേറുകൾ, സ്പെയർ പാർട്സ്, ലോജിസ്റ്റിക് പിന്തുണ, ആശയവിനിമയ, ഗതിനിർണയ സംവിധാനങ്ങൾ എന്നിവയും കരാറിൽ ഉൾപ്പെടും.
ടെക്സസിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയാണ് എഫ്-35 വിമാനങ്ങളുടെ പ്രധാന കരാറുകാരൻ. യെമനിലെ ഹൂതിവിമതരും സൗദിയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ആയുധ ഇടപാട്. ഇത് യാഥാർഥ്യമായാൽ എഫ്-35 സ്വന്തമാക്കുന്ന ആദ്യ അറബ് രാജ്യമാകും സൗദി. എന്നാൽ പശ്ചിമേഷ്യയിൽ നിലവിൽ എഫ്-35 കൈവശമുള്ള ഏകരാജ്യമായ ഇസ്രയേൽ കരാറിനെ എതിർത്തു.
Kerala
റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ബാല്ലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണം. 13 സാധാരണക്കാർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച പുലർച്ചെ രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളായ ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് യെമനിലെ അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് സഖ്യസേന വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ 13 പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് പ്രാദേശിക ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ആക്രമണത്തിൽ മേഖലയിലെ ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നീ നഗരങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ബാല്ലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും തൊടുത്തത്. അതിർത്തി മേഖലകളിൽ ജാഗ്രത ശക്തമാക്കിയതായും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്നും സഖ്യസേനാ വക്താവ് കൂട്ടിച്ചേർത്തു.
International
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെയും പ്രധാന എണ്ണ ഉത്പാദനകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ വൻ ഡ്രോൺ-മിസൈൽ ആക്രമണം നടത്തി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 73 പേർക്ക് പരിക്കേറ്റു. ഫെബ്രുവരിയിൽ ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സൈനികനടപടി ആരംഭിച്ചശേഷം സൗദി മണ്ണിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
തെക്കൻ പ്രവിശ്യകളായ അബ്ഹ, ഖമീസ് മുഷൈത്തിലെ വ്യോമസേനാ താവളം, നജ്റാൻ, ചെങ്കടൽ തീരനഗരമായ ജിസാൻ എന്നിവിടങ്ങളിലെ സൗദി അരാംകോയുടെ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. എണ്ണ ഉത്പാദനകേന്ദ്രങ്ങളിൽ വൻ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് ചില മേഖലകളിൽ ഉത്പാദനം താത്കാലികമായി നിർത്തിവച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
വടക്കൻ യെമനിലെ അൽ-ജൗഫിൽ പ്രിസണിനുനേരേ സൗദി നടത്തിയ വ്യോമാക്രമണത്തിൽ കുട്ടിയടക്കം ഏഴുപേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹൂതികളുടെ ഈ തിരിച്ചടി.
എണ്ണവില വർധിച്ചു
ഹൂതി ആക്രമണത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തിലധികം വർധിച്ച് ബാരലിന് 99 ഡോളറിന് മുകളിലെത്തി. ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദേബ് വഴിയുള്ള സൗദിയുടെ ബദൽ എണ്ണ ഗതാഗത പാതകളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ഇത് ആഗോളവിപണിയിൽ എണ്ണ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
തിരിച്ചടിച്ച് സൗദി
രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത സൈനിക നടപടികളിലേക്ക് കടക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യെമനിൽ സൗദി നടത്തിയ 120ലധികം വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണു ഹൂതി വക്താവ് യഹ്യ സാരീ അവകാശപ്പെട്ടത്.ഹൂതി ആക്രമണം കടുക്കുകയും സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേന തിരിച്ചടി ശക്തമാക്കുകയും ചെയ്തതോടെ യെമനിലെ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമായിരിക്കുകയാണ്.
International
മക്ക: മധ്യപൂർവേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാവെല്ലുവിളികൾക്കും യുദ്ധസമാനമായ അന്തരീക്ഷത്തിനുമിടയിൽ, മേഖലയിലെ ഭൗമരാഷ്ട്രീയത്തെ മാറ്റിമറിക്കാൻ പോകുന്ന ചരിത്രപ്രധാനമായ സംയുക്ത പ്രതിരോധ കരാറിൽ പ്രമുഖ മുസ്ലിം രാജ്യങ്ങളായ സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നിവർ ഒപ്പുവച്ചു.
സൗദിയിലെ വിശുദ്ധ നഗരമായ മക്കയിൽ നടന്ന ഉച്ചകോടിയിലാണ് ‘മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റ്’ നിലവിൽ വന്നത്. മൂന്നു രാജ്യങ്ങളും ലോകത്തിലെതന്നെ ഏറ്റവും സ്വാധീനമുള്ള സുന്നി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണെന്നതിനാൽ ഈ കൂട്ടായ്മയ്ക്ക് സുന്നി നാറ്റോ എന്ന വിശേഷണവുമുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരാണ് ഉച്ചകോടിക്കു നേതൃത്വം നൽകി കരാറിൽ ഒപ്പുവച്ചത്. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും ചടങ്ങിൽ സംബന്ധിച്ചു.
പാശ്ചാത്യ സൈനിക കൂട്ടായ്മയായ ‘നാറ്റോ’യുടെ മാതൃകയിലാണ് ഈ പ്രതിരോധസഖ്യം പ്രവർത്തിക്കുക. കരാറിലെ വ്യവസ്ഥകൾ പ്രകാരം മൂന്നു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബാഹ്യശക്തികളുടെ ആക്രമണമുണ്ടായാൽ അത് മൂന്നു രാജ്യങ്ങൾക്കും നേരേയുണ്ടാകുന്ന ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കും.
പ്രതിരോധ സാങ്കേതികവിദ്യ കൈമാറുക, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുക, സംയുക്ത സൈനിക പരിശീലനങ്ങൾ നടത്തുക എന്നിവയും കരാറിന്റെ ഭാഗമാണ്. കരാർ തികച്ചും പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണെന്നും മറ്റ് പ്രാദേശിക രാജ്യങ്ങൾക്കും ഭാവിയിൽ സഖ്യത്തിന്റെ ഭാഗമാകാമെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
മൂന്ന് ശക്തികളുടെ സംഗമം
ഏഷ്യയിലെയും മധ്യപൂർവേഷ്യയിലെയും നിർണായക സൈനിക സമവാക്യങ്ങളെ മാറ്റിമറിക്കുന്നതാണ് ഈ സഖ്യം. ലോകത്തിലെ വലിയ സാമ്പത്തികശക്തിയും പ്രമുഖ ആയുധ ഇറക്കുമതിക്കാരുമായ സൗദി അറേബ്യ, നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനികശക്തിയും അത്യാധുനിക ആയുധനിർമാണ ശേഷിയുമുള്ള തുർക്കി, ലോകത്തിലെ ഏക ആണവായുധ മുസ്ലിം രാജ്യമായ പാക്കിസ്ഥാൻ എന്നിവരുടെ ഒരുമിക്കൽ മേഖലയിൽ വലിയ സ്വാധീനം ചെലുത്തും.
അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ഗൾഫ് മേഖലയിലേക്കു വ്യാപിക്കുകയും ഹോർമുസ് കടലിടുക്ക്, ചെങ്കടൽ എന്നിവിടങ്ങളിലെ കപ്പൽ ഗതാഗതത്തിനു ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ സുരക്ഷാസഖ്യം രൂപപ്പെട്ടത്. സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്കുനേരേ മുന്പുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് സ്വന്തം പ്രതിരോധശേഷി ഉറപ്പിക്കാൻ സൗദി അറേബ്യ മുന്നിട്ടിറങ്ങിയത്.
ഇന്ത്യയ്ക്ക് നിർണായകം
സഖ്യത്തിലെ ഏതു രാജ്യത്തിനുനേരേയുണ്ടാകുന്ന ആക്രമണവും മൂന്നു രാജ്യങ്ങൾക്കും നേരേയുള്ളതായി കണക്കാക്കുമെന്ന ‘നാറ്റോ’ മാതൃകയിലുള്ള വ്യവസ്ഥ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. പാക്കിസ്ഥാനും സൗദിയും തുർക്കിയും ഉൾപ്പെടുന്ന ഈ സഖ്യം മേഖലയിലെ സൈനിക സമവാക്യങ്ങളെ മാറ്റിമറിക്കാൻ സാധ്യതയുള്ളതിനാലാണ് ഇന്ത്യ സ്ഥിതിഗതികൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ സമാനമായ ഉഭയകക്ഷി പ്രതിരോധ കരാറിൽ ഒപ്പുവച്ചപ്പോഴും അതിന്റെ ആഘാതങ്ങളെക്കുറിച്ച് പഠിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ തുർക്കിയെക്കൂടി ഉൾപ്പെടുത്തി കരാർ വിപുലീകരിച്ചിരിക്കുന്നത്.
സൂക്ഷ്മമായി നിരീക്ഷിക്കുന്നു
ന്യൂഡൽഹി: സൗദി അറേബ്യയും തുർക്കിയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ.
ആഗോള ഭൗമരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കുന്ന ഈ സഖ്യത്തിന്റെ നീക്കങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Kerala
ഫോർട്ടുകൊച്ചി: സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനപകടത്തില് കൊച്ചി സ്വദേശിയായ യുവാവ് മരിച്ചു.
ഫോര്ട്ട്കൊച്ചി ബീച്ച് റോഡ് ഫിഷര്മെന് കോളനിയില് കൊപ്ര പറമ്പില് കെ.ടി. വില്യംസാ(ടോഷി-36)ണ് മരിച്ചത്. വില്യംസ് ഓടിച്ച ബൈക്ക് സിഗ്നല് കണ്ട് നിര്ത്തിയ സമയം പിറകെ വന്ന കാര് ഇടിക്കുകയായിരുന്നു.
സൗദിയില് സ്വകാര്യ കമ്പനിയില് ഡെലിവെറി വിഭാഗത്തില് ജോലി ചെയ്യുകയായിരുന്നു. 29ന് രാത്രിയുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംസ്കാരം പിന്നീട്. കെ.വി ടോമിയുടേയും നെസിയുടേയും മകനാണ്. ഭാര്യ: ജിംഷ. മക്കള്: അയാന്,ഹെസ.
Business
റിയാദ്: പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവ് വന്നതും ആഗോളതലത്തിൽ എണ്ണ വിതരണം വർധിച്ചതും വിപണിയെ സ്വാധീനിച്ച സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ രാജ്യങ്ങൾക്ക് അസംസ്കൃത എണ്ണ വിലയിൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് സൗദി അറേബ്യ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കിഴിവാണ് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കന്പനിയായ സൗദി അരാംകോ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ സൗദി അരാംകോ ഏഷ്യയിലേക്കുള്ള ഓഗസ്റ്റ് മാസത്തെ വിതരണത്തിനായി തങ്ങളുടെ പ്രധാന എണ്ണയിനമായ അറബ് ലൈറ്റ് അസംസ്കൃത എണ്ണയുടെ ഒൗദ്യോഗിക വിപണന വിലയിൽ ബാരലിന് 11 ഡോളറിന്റെ വിലക്കിഴിവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഒമാൻ/ദുബായ് മാനദണ്ഡത്തേക്കാൾ 1.50 ഡോളർ കിഴിവിലാണ് വില നിശ്ചയിച്ചിരിക്കുന്നത്.
2003 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവാണിത്. 2020 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില നിലവാരത്തിലേക്കാണ് ഇപ്പോൾ എണ്ണവില എത്തിയിരിക്കുന്നത്.
വിപണി വിദഗ്ധർ പ്രതീക്ഷിച്ചതിലും വളരെ വലിയ കുറവാണ് വിലയിൽ വരുത്തിയിരിക്കുന്നത്. ഓഗസ്റ്റിലെ ഒൗദ്യോഗിക വിപണന വില ബാരലിന് 1.50 ഡോളറിനും മൂന്നു ഡോളറിനും ഇടയിൽ വില അധികമായി സൗദി ഈടാക്കുമെന്നായിരുന്നു പ്രവചിച്ചത്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം വർധിച്ചതോടെ സൗദിക്ക് വില വീണ്ടും കുറയ്ക്കേണ്ടി വരികയായിരുന്നു.
സൗദിയെക്കൂടാതെ ഏഷ്യൻ വാങ്ങലുകാരെ ആകർഷിക്കാനായി അബുദാബി നാഷണൽ ഓയിൽ കോർപറേഷൻ (അഡ്നോക്), ഇറാക്കിന്റെ സ്റ്റേറ്റ് ഓർഗനൈസേഷൻ ഫോർ മാർക്കറ്റിംഗ് ഓഫ് ഓയിൽ, കുവൈറ്റ് പെട്രോളിയം കോർപറേഷൻ തുടങ്ങിയ എണ്ണ ഉത്പാദകർ വിലക്കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്തുകൊണ്ട് ഏഷ്യക്ക് ഇളവ്?
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കപ്പെട്ടതും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലേക്കെത്തിക്കൊണ്ടിരിക്കുന്നതും ആഗോള എണ്ണവിപണിയിലെ ആശങ്കകൾ ഒഴിവാക്കി.
സംഘർഷത്തെ തുടർന്ന് കുതിച്ചുയർന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ഇപ്പോൾ ബാരലിന് 72 ഡോളറിലേക്ക് താണിട്ടുണ്ട്. എണ്ണ കയറ്റുമതി സാധാരണ നിലയിലാകുന്നതോടെ മധ്യേഷ്യയിൽനിന്നുള്ള വിതരണം ഉയരുമെന്ന് ഏഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ചേർന്ന ഒപെക് പ്ലസ് സഖ്യത്തിന്റെ യോഗം ഓഗസ്റ്റ് മുതൽ എണ്ണ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലാകുന്നതോടെ സൗദി അറേബ്യ, ഇറാക്ക്, കുവൈറ്റ് തുടങ്ങിയ പ്രമുഖ ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കൂട്ടും. ഇത് വിപണിയിൽ എണ്ണയുടെ ലഭ്യത വർധിപ്പിക്കുകയും ഏഷ്യൻ ഉപയോക്താക്കളെ ആകർഷിക്കാൻ ഉത്പാദകർക്കിടയിൽ മത്സരം കടുപ്പിക്കുകയും ചെയ്യും.
ഏഷ്യക്ക് പുറമെ മറ്റ് മേഖലകളിലെ ഉപയോക്താക്കൾക്കും സൗദി അരാംകോ വില കുറച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ യൂറോപ്പിനും വടക്കേ അമേരിക്കൻ വാങ്ങലുകാർക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
NRI
റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കുശേഷം സ്വദേശത്തേക്ക് മടങ്ങി. ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ യാത്രാനുമതി നൽകിയത്.
മാർച്ച് എട്ടിന് അൽ ഖർജ് മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലേക്ക് പതിച്ച സംഭവത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
അപകടം നടന്ന ഉടൻ ഇന്ത്യൻ എംബസി സംഭവത്തിൽ ഇടപെടുകയും കോൺസുലർ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു. എംബസിയിലെ കൗൺസിലർ സാബിർ സംഭവസ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകി. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അസമിന് ഒരു മാസത്തിനുശേഷമാണ് ബോധം വീണ്ടുകിട്ടിയത്.
തുടർന്ന് ആശുപത്രി അധികൃതരുമായും കുടുംബാംഗങ്ങളുമായും ഇന്ത്യൻ എംബസി നിരന്തരം ബന്ധം പുലർത്തി ചികിത്സയുടെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്തു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് യാത്രാരേഖകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി എംബസിയുടെ ഏകോപനത്തിലാണ് അസമിന്റെ മടക്കയാത്ര സാധ്യമായത്.
ചികിത്സ നൽകിയ ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും തൊഴിലുടമയ്ക്കും ആവശ്യമായ പിന്തുണ നൽകിയ സൗദി അധികൃതർക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എംബസി വ്യക്തമാക്കി. ആരോഗ്യം പൂർണമായി വീണ്ടെടുക്കാത്തതിനാൽ വീൽചെയറിലായിരുന്നു അസമിന്റെ യാത്ര.
റിയാദ് വിമാനത്താവളത്തിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥൻ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ ചേർന്ന് അദ്ദേഹത്തെ യാത്രയയച്ചു.
പ്രാദേശിക സംഘർഷങ്ങളുടെ പ്രത്യാഘാതം സാധാരണ പ്രവാസി തൊഴിലാളികളിലേക്കും എത്തിച്ചേർന്ന സംഭവമായിരുന്നു അൽ ഖർജിലേത്. മരണത്തെ മുഖാമുഖം കണ്ട മുഹമ്മദ് അസമിന്റെ അതിജീവനവും ദീർഘകാല ചികിത്സയ്ക്കുശേഷമുള്ള സ്വദേശത്തേക്കുള്ള മടക്കവും ഇന്ത്യൻ പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്നതായി വിലയിരുത്തപ്പെടുന്നു.
International
ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. ദഹ്റാൻ-ജുബൈൽ ഹൈവേയിലുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശികളായ സജീം ഖാലിദ്, ശ്രീലേഷ് ലക്ഷ്മൺ എന്നിവരാണ് മരിച്ചത്.
റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സൗദി പൗരൻ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Sports
ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് 2026 ൽ ചരിത്രം കുറിച്ച് ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദെ. ലോകകപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് അവസാന 32ല് ഇടംപിടിച്ചാണ് ആഫ്രിക്കൻ കുഞ്ഞൻ രാജ്യം ഞെട്ടിച്ചത്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരായ മത്സരം ഗോള്രഹിത സമനിലയില് പിരിഞ്ഞതോടെയാണ് കേപ് വെര്ദെ നോക്കൗട്ടിലെത്തിയത്. ഇതോടെ സൗദി പുറത്തായി.
നിര്ണായക മത്സരത്തില് പ്രതിരോധക്കോട്ട കെട്ടിയാണ് ഏഷ്യൻ വമ്പന്മാരായ സൗദിയെ കേപ് വെർദെ നേരിട്ടത്. ഇതിനിടെ, ലാരോസ് ഡുവാര്ട്ടെയുടെ ഗോളെന്നുറപ്പിച്ച ഗംഭീര ഷോട്ട് സൗദി ഗോള്കീപ്പര് മുഹമ്മദ് അല് ഒവൈസ് തടുത്തിട്ടു.
ഇതോടെ, മൂന്ന് മത്സരങ്ങളിൽ മൂന്ന് സമനിലയുമായി മൂന്ന് പോയിന്റുള്ള കേപ് വെർദെ ഗ്രൂപ്പ് എച്ചിൽ സ്പെയിനിനു പിന്നിൽ രണ്ടാം സ്ഥാനക്കാരാണ്. നോക്കൗട്ടില് കേപ് വെര്ദെ, നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീനയെ നേരിടും.
Kerala
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം ചെട്ടിപ്പടി സ്വദേശി മേമ്പാട്ട് പറമ്പിൽ അബ്ദുന്നാസർ (48) ആണ് മരിച്ചത്.
ജുബൈലിന് സമീപം അബൂഹദ്രിയ്യ റോഡിൽ ശനിയാഴ്ച പുലർച്ചെ 1.15-ഓടെയായിരുന്നു അപകടം. അബ്ദുന്നാസർ ഓടിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
ദമ്മാമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടസ്ഥലത്തുവെച്ചുതന്നെ അബ്ദുന്നാസർ മരിച്ചതായാണ് വിവരം. പരേതനായ ബാവയുടെയും കുളങ്ങരകത്ത് ആയിഷയുടെയും മകനാണ്. സുലേഖയാണ് ഭാര്യ.
Sports
അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ സ്പാനിഷ് ടീമിന്റെ വന്പൻ ജയം. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കുഞ്ഞന്മാരായ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിൻ ഇന്നലെ രാത്രിയിൽ അരങ്ങേറിയ മത്സരത്തിൽ സൗദി അറേബ്യയെ ഗോളിൽ മുക്കി. മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് സ്പെയിൻ ജയമാഘോഷിച്ചു.
കൗമാര സൂപ്പർ താരം ലാമിൻ യമാലിനെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാ ലാ റോജ എന്നറിയപ്പെടുന്ന സ്പെയിൻ കിക്കോഫിനെത്തിയത്. അതിന്റെ ഫലം 10-ാം മിനിറ്റിൽ കണ്ടു. മൈക്കൽ ഒയർസബാലിന്റെ അസിസ്റ്റിൽ ലാമിൻ യമാൽ ഉജ്വലമായ ഫിനിഷിംഗിലൂടെ സ്പെയിനെ മുന്നിലെത്തിച്ചു.
21-ാം മിനിറ്റിൽ ഒയർസബാലിന്റെ ഗോൾ. ലാപോർട്ടെയുടെ അസിസ്റ്റിലായിരുന്നു ഗോളിന്റെ പിറവി. 24-ാം മിനിറ്റിൽ വീണ്ടും ഒയർസബാൽ സൗദി ഗോൾവല കുലുക്കി. ഇത്തവണ അസിസ്റ്റ് നൽകിയത് ഡാനി ഓൾമോ.
രണ്ടാം പകുതി തുടങ്ങിയപ്പോൾ സൗദിയുടെ ഹസൻ തംബാക്തി (49-ാം മിനിറ്റ്) സ്വന്തം വലയിൽ പന്ത് നിക്ഷേപിച്ചു. പിന്നീട് ഗോൾ പിറന്നില്ല. അതോടെ 4-0നു ജയിച്ച് സ്പെയിൻ കളം വിട്ടു.
Sports
അറ്റ്ലാന്റ: ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തകർപ്പൻ പ്രകടനത്തോടെ സ്പെയിന്റെ തിരിച്ചുവരവ്. ഗ്രൂപ്പ് എച്ചിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്പെയിൻ സൗദി അറേബ്യയെ തകർത്തത്. കൗമാര താരം ലമീൻ യമാലിന്റെയും മിഷേൽ ഒയാർസബാലിന്റെയും തകർപ്പൻ പ്രകടനമാണ് സ്പെയിന് അനായാസ ജയം സമ്മാനിച്ചത്.
കളി തുടങ്ങി പത്താം മിനിറ്റിൽ ലമീൻ യമാലിലൂടെയാണ് സ്പെയിൻ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ കടുത്ത വിമർശനം നേരിട്ട ഒയാർസബാൽ പിന്നീട് ഇരട്ട ഗോളുകളുമായി സ്പെയിന്റെ വിജയമുറപ്പിച്ചു. ആദ്യ മത്സരത്തിൽ നവാഗതരായ കേപ് വെർഡെയോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന സ്പെയിന്, അറ്റ്ലാന്റയിലെ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരം നിർണായകമായിരുന്നു.
കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച ചരിത്രമുള്ള സൗദി അറേബ്യ ആദ്യ മത്സരത്തിൽ ഉറുഗ്വേയെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങിയതെങ്കിലും സ്പാനിഷ് പടയ്ക്ക് മുന്നിൽ അവർക്ക് മറുപടിയുണ്ടായിരുന്നില്ല. ഈ തകർപ്പൻ ജയത്തോടെ സ്പെയിൻ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ യുറുഗ്വേയെ 1-1 എന്ന സ്കോറിൽ സമനിലയിൽ തളച്ച് സൗദി അറേബ്യ. ആദ്യ പകുതിയിൽ യുറുഗ്വേ തികഞ്ഞ മേധാവിത്വം പുലർത്തിയെങ്കിലും, കളിയുടെ ഗതിക്ക് വിപരീതമായി മത്സരത്തിൽ 41-ാം മിനിറ്റിൽ ഗോൾ നേടി സൗദി അറേബ്യയാണ് ആദ്യം മുന്നിലെത്തിയത്.
സെറ്റ് പീസിൽ നിന്ന് അബ്ദുല്ലെലാ അൽ അമ്രി നേടിയ ഗോളിൽ ഒന്നാം പകുതിയിൽ സൗദി ലീഡ് നിലനിർത്തി. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ യുറുഗ്വേ മറുപടി ഗോൾ കണ്ടെത്തിയതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. കടുത്ത സമ്മർദ ഘട്ടത്തിലും യുറുഗ്വേയുടെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ അറബ് കരുത്തർക്ക് സാധിച്ചു.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ യുറുഗ്വായ്ക്കെതിരെ മത്സരത്തിന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യ ഒരു ഗോളിന് മുന്നിൽ. ഡിഫൻഡർ അബ്ദുല്ലെലാ അൽ അമ്രി ആണ് സൗദിക്കായി ഗോൾ നേടിയത്. മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സൗദിക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് ഗോളിലേക്ക് വഴിതുറന്നത്.
കോർണറിൽ നിന്ന് ഉയർന്നുവന്ന പന്ത് ഹസൻ അൽ തംബക്തി ശക്തമായ ഹെഡറിലൂടെ യുറുഗ്വേൻ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. യുറുഗ്വേൻ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര പന്ത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല. റീബൗണ്ടായി വന്ന പന്തിലേക്ക് അതിവേഗം കുതിച്ചെത്തിയ അൽ അമ്രി പന്ത് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
നിലവിൽ സൗദി അറേബ്യ 1-0 ന് മത്സരത്തിൽ മുന്നിട്ടു നിൽക്കുകയാണ്.
Sports
വാഷിംഗ്ടൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇക്വഡോറിന് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സൗദി അറേബ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ജാക്ക്സൺ പൊറോസോയും ആന്തോണി വലൻസിയയും ആണ് ഇക്വഡോറിന് വേണ്ടി ഗോളുകൾ നേടിയത്. പൊറോസോ 34-ാം മിനിറ്റിലും വലൻസിയ 50-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
സുൽത്താൻ മന്ദാഷ് ആണ് സൗദി അറേബ്യയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 86-ാം മിനിറ്റിലാണ് മന്ദാഷ് ഗോൾ കണ്ടെത്തിയത്.
National
കോഴിക്കോട്: നീണ്ട രണ്ട് പതിറ്റാണ്ടിന്റെ സൗദി ജയിൽവാസത്തിന് ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൽ റഹീം ഒടുവിൽ സ്വന്തം മണ്ണിൽ തിരിച്ചെത്തി. റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഇന്ന് രാവിലെ 7.35-ഓടെയാണ് റഹീം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. മകന്റെ മുഖമൊന്ന് കാണാൻ വർഷങ്ങളായി കണ്ണീരോടെ കാത്തിരുന്ന എൺപത് വയസ്സായ ഉമ്മ ഫാത്തിമയുടെയും ലക്ഷക്കണക്കിന് മനുഷ്യരുടെയും കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമായത്.
മടക്കയാത്രയിൽ റഹീമിന്റെ മോചനത്തിന് വേണ്ടി അടിയുറച്ചു പ്രവർത്തിച്ച ലീഗൽ കമ്മിറ്റിയിലെ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ റിയാദ് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പടെയുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രയാക്കിയത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വീസയിൽ റഹീം റിയാദിൽ എത്തിയത്. ചലനശേഷി നഷ്ടപ്പെട്ട അനസ് അൽ ശഹ്റി എന്ന 18 വയസുകാരനായ സൗദി ബാലനെ പരിചരിക്കലായിരുന്നു ചുമതല. എന്നാൽ ജോലിയിൽ പ്രവേശിച്ച് കൃത്യം ഒരു മാസത്തിന് ശേഷം ഉണ്ടായ ഒരു നിർഭാഗ്യകരമായ സംഭവത്തിൽ അനസ് മരണപ്പെടുകയും ഡിസംബർ 25-ന് റഹീം അറസ്റ്റിലാവുകയുമായിരുന്നു.
ട്രാഫിക് സിഗ്നലിൽ വെച്ചുണ്ടായ തർക്കത്തിനിടെ അനസ് റഹീമിന്റെ മുഖത്തേക്ക് തുപ്പുകയും, ഇത് തടയാൻ റഹീം കൈയുയർത്തിയപ്പോൾ അനസിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ അബദ്ധത്തിൽ തട്ടുകയുമായിരുന്നു. തുടർന്ന് അനസ് അബോധാവസ്ഥയിലാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
2011-ൽ റിയാദ് പബ്ലിക് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെയാണ് കേസ് സങ്കീർണമായത്. എന്നാൽ മാധ്യമപ്രവർത്തകരും കെഎംസിസിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി നിയമസഹായ സമിതിയും ഇന്ത്യൻ എംബസിയും നടത്തിയ ശക്തമായ ഇടപെടലുകൾ ഒടുവിൽ ഫലം കണ്ടു. കഠിനമായ ചർച്ചകൾക്കൊടുവിൽ 15 മില്യൻ സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) ദിയാധനം (മോചനദ്രവ്യം) സ്വീകരിച്ച് മാപ്പ് നൽകാമെന്ന് സൗദി കുടുംബം സമ്മതിച്ചു.
തുടർന്ന് ‘സേവ് അബ്ദുൾ റഹീം‘ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ലോക മലയാളി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കുകയും, ചുരുങ്ങിയ ദിവസങ്ങൾക്കകം 34 കോടി രൂപ സമാഹരിച്ച് കോടതി വഴി കൈമാറുകയും ചെയ്തു. ഇതേത്തുടർന്ന് 2024 ജൂലൈയിൽ വധശിക്ഷ റദ്ദാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ശിക്ഷാകാലാവധി പൂർത്തിയാവുകയും ഫൈനൽ എക്സിറ്റ് അടക്കമുള്ള നിയമപരമായ തടസങ്ങൾ നീങ്ങുകയും ചെയ്തതോടെയാണ് റഹീമിന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിതുറന്നത്.
International
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷസാധ്യത പശ്ചിമേഷ്യയിൽ ശക്തമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി പാകിസ്ഥാൻ വൻ സൈനിക വിന്യാസം നടത്തുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി 8,000 സൈനികരെയും ഒരു സ്ക്വാഡ്രൻ യുദ്ധവിമാനങ്ങളെയുമാണ് പാകിസ്ഥാൻ സൗദിയിലേക്ക് അയച്ചത്. യുഎസ്-ഇറാൻ യുദ്ധത്തിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പാകിസ്ഥാന്റെ ഈ അടിയന്തിര സൈനിക നീക്കം. റിയാദിന് പ്രതിരോധ കവചമൊരുക്കാൻ അതീവ ജാഗ്രതയോടെയുള്ള സന്നാഹമാണ് പാകിസ്ഥാൻ വിന്യസിച്ചിരിക്കുന്നത്.
NRI
ദമാം: കിംഗ് ഫഹദ് ഹോസ്പിറ്റലുമായി സഹകരിച്ച് ഫോക്കസ് ഇന്റർനാഷണൽ സൗദി ദമാം ഡിവിഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫോക്കസിന്റെ സാമൂഹ്യക്ഷേമ വിഭാഗമായ ഫോക്കസ് കെയർ സംഘടിപ്പിച്ച 11-ാം രക്തദാന ക്യാമ്പാണ് ദമ്മാമിൽ സമാപിച്ചത്.
പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറോളം പേർ രക്തദാനം നടത്തിയ ക്യാമ്പ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകുന്നേരം 4.30 വരെ കിംഗ് ഫഹദ് ഹോസ്പിറ്റൽ നടന്ന ബ്ലഡ് ഡൊനേഷന് ക്യാമ്പിൽ നൂറോളം പേർ രക്തദാനം ചെയ്തു.
ഡിഫ രക്ഷാധികാരി മുജീബ് കളത്തില് (ദമാം മീഡിയ ഫോറം മുൻ അധ്യക്ഷൻ) ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
ജീവൻ രക്ഷിക്കാൻ മനുഷ്യരക്തം ആവശ്യമാണ്. ഒരൽപം ഭയം തോന്നുമെങ്കിലും രക്തദാനം എന്നത് വളരെ സുരക്ഷിതവും ലളിതവുമാണ്. അറിവില്ലായ്മയും തെറ്റായ വിവരങ്ങളും കാരണമാണ് ആളുകൾ രക്തദാനത്തിനായി മുന്നോട്ടു വരാതിരിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
International
റിയാദ്: സൗദിയിൽ 200ഓളം എത്യോപ്യൻ അഭയാർഥികൾ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നുണ്ടെന്നു റിപ്പോർട്ട്. എത്യോപ്യൻ ഓൺലൈൻ പത്രമായ ആഡിസ് സ്റ്റാൻഡേർഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശിക്ഷ കാത്തുകഴിയുന്നവരിൽ ഏറെയും യുവാക്കളാണെന്നും വരുംദിവസങ്ങളിൽ അവരുടെ ശിക്ഷ നടപ്പാക്കിയേക്കാമെന്നും ശിക്ഷ ഇളവ് ചെയ്യാൻ രാജ്യാന്തര സംഘടനകളുടെ ഇടപെടലിനായി അഭ്യർഥിക്കുകയാണെന്നും എത്യോപ്യയിലെ അഡിഗ്രാത് അതിരൂപത അറിയിച്ചു.
എന്നാൽ, പത്രം പറയുന്നത്ര പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും എങ്കിലും മയക്കുമരുന്ന് കടത്ത്, ലഹരിവസ്തുക്കൾ കൈവശം വയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഇതിനകം ശിക്ഷിക്കപ്പെട്ട 65 എത്യോപ്യൻ അഭയാർഥികൾ നിലവിൽ സൗദിയിലെ ഖാമിസ് മുഷൈത്ത് ജയിലിൽ തടവിലാണെന്നും മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു. ശിക്ഷിക്കപ്പെട്ടവരിൽ മൂന്നു പേരുടെ വധശിക്ഷ കഴിഞ്ഞ മാസം 21ന് നടത്തിയെന്നും സംഘടന വ്യക്തമാക്കി.
വടക്കൻ എത്യോപ്യയിലെ ടിഗ്രേയിലുണ്ടായ ആഭ്യന്തര കലാപത്തെത്തുടർന്ന് 2020നും 2022നുമിടയിൽ രാജ്യത്തുനിന്ന് പലായനം ചെയ്തു ജിബൂട്ടി, യെമൻ എന്നീ രാജ്യങ്ങൾ വഴി അനധികൃതമായി സൗദി അറേബ്യയിലെത്തി ജോലി ചെയ്തുവരവേ 2023നും 2024നുമിടയിൽ അറസ്റ്റിലായവരാണ് ശിക്ഷിക്കപ്പെട്ടവർ. സൗദി അറേബ്യയിൽ നിരോധിക്കപ്പെട്ട ലഹരി സസ്യമായ ഖാത് കൈവശം വച്ചതിനാണ് ഇവരിൽ പലരും അറസ്റ്റിലായത്.
ഖാതിന്റെ ഇലകൾ ചവയ്ക്കുമ്പോൾ മാരക ലഹരിഗുളികയായ ആംഫെറ്റാമിനുകൾക്കു സമാനമായ ഉത്തേജക ഫലങ്ങൾ ലഭിക്കും.
International
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) നൽകാനുണ്ടായിരുന്ന 3.45 ബില്യൺ ഡോളർ കടം തിരിച്ചടച്ചു. സൗദി അറേബ്യയിൽ നിന്നും മറ്റ് വിദേശ സ്രോതസുകളിൽ നിന്നും ലഭിച്ച പുതിയ നിക്ഷേപങ്ങളും സഹായങ്ങളും ഉപയോഗിച്ചാണ് പാകിസ്ഥാൻ ഈ കുടിശിക തീർത്തത്.
യുഎഇ കേന്ദ്ര ബാങ്കിൽ പാകിസ്ഥാൻ നിക്ഷേപിച്ചിരുന്ന കാലാവധി പൂർത്തിയായ തുകയാണ് ഇപ്പോൾ തിരിച്ചടച്ചത്. സൗദി അറേബ്യയിൽ നിന്ന് അടുത്തിടെ ലഭിച്ച സാമ്പത്തിക പാക്കേജുകളും വിദേശ നിക്ഷേപങ്ങളുമാണ് പാകിസ്ഥാന് ഈ നിർണായക ഘട്ടത്തിൽ തുണയായത്. വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കാൻ പാകിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായവും തേടിയിരുന്നു.
ചൈന ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും പാകിസ്ഥാൻ വൻതോതിൽ വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. ഈ കടങ്ങൾ പുനഃക്രമീകരിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാർ.
International
റിയാദ്: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യവുമായി ചൈന രംഗത്ത്. സൗദി അറേബ്യയുമായുള്ള ചർച്ചയിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാടിന് ഒപ്പമാണ് നിലവിൽ ചൈന.
മേഖലയിലെ രാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ ചൈന യുദ്ധം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. അതേസമയം പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി.
ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവുമാണ് ചർച്ചകൾക്കു തിരിച്ചടിയായത്. ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധം സമാധാന ചർച്ചകൾക്കു തടസമാണെന്നു പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു.
ഫോണിലൂടെയായിരുന്നു ഇവരുടെ സംഭാഷണം. അസീം മുനീറിന്റെ ഉപദേശം പരിഗണിക്കാമെന്നു ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ട്.
International
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം നിലയ്ക്കാത്ത സാഹചര്യത്തിൽ സൗദി അറേബ്യയുമായി ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടായിരുന്നു നിർണായക ചർച്ച.
സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സുരക്ഷാ ബന്ധങ്ങളിൽ പുതിയ അധ്യായം കുറിക്കുന്നതായാണ് വിലയിരുത്തലുകൾ. നയതന്ത്രപരമായി അതീവ പ്രാധാന്യമുള്ള സന്ദർശനത്തിൽ ആഗോള ഊർജ വിപണിയിലെ സുസ്ഥിരത മുഖ്യ വിഷയമായി.
സന്ദർശനത്തിന്റെ ഭാഗമായി സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായി അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. വിതരണ ശൃംഖലയിലെ തടസമില്ലാത്ത ലഭ്യതയും ഊർജ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനും ചർച്ചയിൽ പങ്കുചേർന്നു. പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ വിശകലനത്തിൽ മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി.
National
ശ്രീനഗർ: ഇന്ത്യയിൽനിന്നു കടന്നുകളഞ്ഞ ലഷ്കർ ഇ തൊയ്ബ ഭീകരൻ സൗദി അറേബ്യയിലുണ്ടെന്ന് റിപ്പോർട്ട്. ഖർഗോഷ് എന്ന് അറിയപ്പെടുന്ന ഉമർ ഹാരിസ് സൗദി അറേബ്യയിൽ ഉണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിടുന്ന വിവരം.
രാജസ്ഥാൻ സ്വദേശിയായ സജ്ജാദിന്റെ പേരിലുള്ള പാസ്പോർട്ടിലാണ് ഇയാൾ ഇന്ത്യയിൽനിന്നു കടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വ്യാജപേരിലാണ് ഇയാൾ സൗദിയിൽ തുടരുന്നതെന്നും അന്വേഷണ ഏജൻസികൾ കരുതുന്നു.
ഏപ്രിൽ ആദ്യവാരം ജമ്മു കാഷ്മീർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഉമർ ഹാരിസ്. ഈ കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കുകയായിരുന്നു.
എൻഐഎ വിവിധ രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്നുനടത്തിയ അന്വേഷണത്തിലാണ് ഉമർ ഹാരിസ് സൗദിയിലുണ്ടെന്നു കണ്ടെത്തിയത്. സൗദിയിലേക്ക് കടക്കുന്നതിനു മുമ്പ് ഇയാൾ ഇന്തോനേഷ്യയിലേക്ക് കടന്നതായും വിവരമുണ്ട്.
പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വായിൽനിന്നുള്ളയാളാണ് ഹാരീസ്. ലഷ്കർ ഇ തൊയ്ബയുടെ ഭാഗമായ ഹാരീസ് 2012ലാണ് ജമ്മു കഷ്മീരിലേക്ക് നുഴഞ്ഞുകയറുന്നത്.
ബന്ദിപ്പോരയിലും ശ്രീനഗറിലും ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായ ഹാരീസ്, ലഷ്കർ അംഗമായ മറ്റൊരാളുടെ മകളെയാണ് വിവാഹം കഴിച്ചത്. ജയ്പുരിലാണ് വിവാഹം നടന്നത്. സജ്ജാദ് എന്ന് പേരിലായിരുന്നു വിവാഹം.
ഈ പേരിലാണ് വ്യാജപാസ്പോർട്ട് ഉണ്ടാക്കി വിദേശത്തേക്കു കടന്നെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.
International
വാഷിംഗ്ടൺ: ഇറാന്റെ തുറമുഖങ്ങൾ തടയാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ. ട്രംപിന്റെ തീരുമാനം സ്ഥിതിഗതികൾ വഷളാക്കുമെന്നാണ് സൗദി അറേബ്യയുടെ നിലവിലെ ആശങ്ക.
ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കണമെന്നും ഇറാനുമായി ചർച്ചകൾ പുനരാരംഭിക്കണമെന്നും സൗദി അറേബ്യ ട്രംപ് ഭരണകൂടത്തിന് മേൽ സമ്മർദം ചെലുത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദക രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്ഥിരത തകർത്തതായാണ് വിലയിരുത്തലുകൾ.
ഇറാന്റെ സമ്പദ്വ്യവസ്ഥയെ ശിഥിലമാക്കാൻ ലക്ഷ്യമിട്ടാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ ചരക്ക് നീക്കങ്ങളും തടയാൻ യുഎസ് തീരുമാനിച്ചത്. എന്നാൽ ഇതിന് പ്രതികാരമായി ചെങ്കടലിലെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് ഇറാൻ അടച്ചുപൂട്ടിയേക്കാമെന്ന് സൗദി അറേബ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദിയുടെ എണ്ണ കയറ്റുമതിയെ സംബന്ധിച്ചിടത്തോളം അതീവ നിർണായക പാതയാണിത്. ഇറാൻ തുറമുഖങ്ങൾ അടയ്ക്കാനുള്ള നീക്കം മറ്റ് പ്രധാന ഷിപ്പിംഗ് റൂട്ടുകളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ഇറാനിയൻ പ്രത്യാക്രമണങ്ങൾക്ക് വഴിവെക്കുമെന്നും സൗദി അറേബ്യ ആശങ്കപ്പെടുന്നു.
International
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ ഇ-3 സെൻട്രി വിമാനത്തിന് ഗുരുതരമായ കേടുപാടുകൾ. ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന 'എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം' സാങ്കേതികവിദ്യയുള്ള ഈ വിമാനം തകർന്നത് മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കൻ വ്യോമസേനയുടെ 'പറക്കുന്ന റഡാർ' എന്നാണ് ഇ-3 സെൻട്രി അറിയപ്പെടുന്നത്. വിമാനത്തിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള കൂറ്റൻ റഡാർ ഉപയോഗിച്ച് 400 കിലോമീറ്ററിലധികം ദൂരെയുള്ള ശത്രു വിമാനങ്ങളെയും മിസൈലുകളെയും ഒരേസമയം നിരീക്ഷിക്കാൻ ഇതിന് സാധിക്കും. യുദ്ധഭൂമിയിൽ സ്വന്തം സൈന്യത്തിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകാനും ശത്രുക്കളുടെ നീക്കങ്ങൾ തത്സമയം അറിയിക്കാനും ഈ വിമാനം അത്യന്താപേക്ഷിതമാണ്. ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന ഈ വിമാനം തന്ത്രപ്രധാനമായ ആസ്തിയായാണ് പെന്റഗൺ കണക്കാക്കുന്നത്.
ആക്രമണത്തിന് പിന്നാലെ സൗദിയിലെ തങ്ങളുടെ സൈനിക താവളങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാനും കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനും അമേരിക്ക തീരുമാനിച്ചു. വരും ദിവസങ്ങളിൽ ഇതിന് തിരിച്ചടിയുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്നും നാളെയും ഇസ്ലാമാബാദിൽ സമ്മേളിക്കും.
പ്രശ്നപരിഹാരത്തിനുള്ള രൂപരേഖ തയാറാക്കലാണ് ലക്ഷ്യമെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു.
നാലു രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പാങ്കാളികളാണ്. യുഎസ് പ്രസിഡന്റ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങൾ ഇറാനു കൈമാറിയത് പാക്കിസ്ഥാനാണ്.
ഇറാനുമായുള്ള ചർച്ചകൾ നല്ലനിലയിൽ നടക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ട്രംപിന്റെ 15 ഇന നിർദേശങ്ങൾ ഇറാൻ പരിഗണിക്കുന്നതായി സൂചനയുണ്ട്. ട്രംപിന്റെ നിർദേശങ്ങൾ ഏകപക്ഷീയമാണെന്ന് ഇറേനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്.
NRI
ദമാം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്.
ദമാം - റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വച്ചായിരുന്നു അപകടം. ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് ഇവരുടെ വിവാഹം ദമാമിൽ നടന്നത്.
റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാര് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ഹിദ മരിച്ചു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
International
റിയാദ്: സൗദി അറേബ്യയില് കുടുങ്ങിപ്പോയ സന്ദര്ശക വിസക്കാര്ക്കും ഉംറ തീർഥാടകര്ക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന് അനുമതി നൽകി സൗദി ആഭ്യന്തര മന്ത്രാലയം.
മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഭരണകൂടം നല്കിയ പ്രത്യേക നിര്ദ്ദേശപ്രകാരമാണ് നടപടി. ഏപ്രില് 18നകം ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി മടങ്ങാമെന്നും മന്ത്രാലയം അറിയിച്ചു.
2026 ഫെബ്രുവരി 25 മുതല് വീസ കാലാവധി അവസാനിച്ചവര്ക്കാണ് ഈ ഇളവുകള് ബാധകം. ഫാമിലി വിസിറ്റ് വിസ ഉള്പ്പെടെ എല്ലാത്തരം സന്ദര്ശക വിസകള്ക്കും ഇത് ബാധകമാണ്. കൂടാതെ ഉംറ വിസ, ട്രാന്സിറ്റ് വിസ, ഫൈനല് എക്സിറ്റിലുള്ളവര് എന്നിവര്ക്കും ഇതിന്റെ ഗുണം ലഭിക്കും.
ഇത്തരക്കാര്ക്ക് യാതൊരുവിധ പിഴയോ അധിക ഫീസോ നല്കാതെ തന്നെ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള് വഴി നേരിട്ട് നാട്ടിലേക്ക് മടങ്ങാം. ഇതിനായി വീസ പുതുക്കേണ്ടതില്ല. പാസ്പോര്ട്ട് ഓഫീസുകളിലോ മറ്റ് മന്ത്രാലയങ്ങളിലോ മുന്കൂട്ടി അനുമതി തേടി പോകേണ്ടതില്ല. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന് കൗണ്ടറുകളില് വച്ച് തന്നെ നടപടികള് ലളിതമായി പൂര്ത്തിയാക്കാം.
എന്നാല് 2026 ഏപ്രില് 18നകം മടങ്ങാത്തവര്ക്കെതിരെ കര്ശന നിയമനടപടികള് സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
International
റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിയവർക്ക് പിഴയില്ലാതെ രാജ്യം വിടാം. ഏപ്രിൽ 18 വരെ വിസകൾ നീട്ടാനും അവസരമുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം വിസകൾക്കും പുതിയ ഇളവ് ബാധകമാണ്.
ഉംറ, ട്രാൻസിറ്റ്, വിസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾക്ക് പുതിയ ഇളവ് ബാധകമായിരിക്കും. ഫെബ്രുവരി 25 കാലാവധി തീർന്ന വിസകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഏപ്രിൽ 18 വരെ വിസ പുതുക്കാം. ഇതിനായി ആവശ്യമായ ഫീസടയ്ക്കണം.
വിസ കാലാവധി തീർന്നവർക്ക് പുതുക്കാതെ തന്നെ രാജ്യം വിടാം. പുതുക്കുകയോ ഫീസടയ്ക്കുകയോ വേണ്ടെന്നും ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതര് അറിയിച്ചു. ഏപ്രിൽ 18ന് മുൻപ് രാജ്യം വിടാനാണ് നിര്ദേശം. ഏപ്രിൽ 18 ഓടെ നടപടികളാരംഭിക്കും.
International
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്.
മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽനിന്നുള്ള വാതകമാണ് അപകടത്തിനു കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്റൂമിൽ പോയ ഈസ്മായിൽ വാതകം ശ്വസിച്ചു ബോധരഹിതനാകുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് സൗദി വഴി പുറം രാജ്യങ്ങളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി സൗദി ട്രാൻസിറ്റ് വിസ ലഭ്യമാക്കുന്ന സേവനം കുവൈറ്റ് എയർവേയ്സ് ആരംഭിച്ചു.
ടിക്കറ്റ് ബുക്കിംഗിനൊപ്പം യാത്രക്കാർക്ക് ട്രാൻസിറ്റ് വിസ നടപടികളും പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഈ സേവനം കുവൈറ്റ് എയർവേയ്സിന്റെ ഓഫീസുകളിലൂടെയും കസ്റ്റമർ സർവീസ് കോൾ സെന്ററിലൂടെയും ലഭ്യമാകുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവർക്ക് വിസ നടപടികൾ ലളിതമാക്കുകയും യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുന്നതാണ് ഈ പുതിയ സേവനത്തിന്റെ ലക്ഷ്യമെന്ന് കുവൈറ്റ് എയർവേയ്സ് അറിയിച്ചു.
International
ദുബായ്: പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും. കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതുവഴി ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കഴിയും. നിലവിൽ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചത് കണക്കിലെടുത്താണ് നീക്കം. ദമാം - ഷാർജ നേരിട്ട് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്.
അതേസമയം രാജ്യത്തെ പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്ന്ന് രണ്ട് കൂറ്റന് ഇന്ത്യന് കപ്പലുകള് കൂടി ഹോര്മുസ് കടലിടുക്ക് കടക്കുന്നു. യുദ്ധഭീതി നിലനില്ക്കുന്ന പശ്ചിമേഷ്യന് കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള് ഇന്ത്യയിലേക്ക് വരുന്നത്.
ഫെബ്രുവരി അവസാന വാരം മുതല് അമേരിക്ക - ഇസ്രായേല് സഖ്യവും ഇറാനും തമ്മിലുള്ള സംഘര്ഷം കടുപ്പമേറിയതോടെ ഹോര്മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാല് ഇന്ത്യയും ചൈനയും ഉള്പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന് ഉണ്ടാക്കിയ ധാരണ പ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്ക്ക് കടന്നുപോകാന് അനുമതി നല്കിയിട്ടുണ്ട്.
NRI
റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ മലയാളി നഴ്സ് അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്.
പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. അസുഖം ഗുരുതരമായതിനെ തുടർന്ന് ഈ മാസം അഞ്ച് മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ചികിത്സയിലായിരിക്കെ ഹൃദയാഘാതമുണ്ടാവുകയും ആരോഗ്യനില കൂടുതൽ മോശമാവുകയും ചെയ്തതോടെ ഞായറാഴ്ച വെെകുന്നേരം മരണം സംഭവിക്കുകയായിരുന്നു.
അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിലധികമായി ഷെർളി ജിസാനിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
ഭർത്താവ് ജോബിൻ നാട്ടിലാണ്. ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി ഷൈനി അറിയിച്ചു. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ മലയാളി നേഴ്സ് അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്.
അസുഖം ഗുരുതരമായതിനെ തുടർന്ന് ഈ മാസം അഞ്ചു മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയിലായിരിക്കെ ഹൃദയാഘാതമുണ്ടാവുകയും ആരോഗ്യനില കൂടുതൽ മോശമാവുകയും ചെയ്തതോടെ ഇന്നലെ വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ എട്ട് വർഷത്തിലധികമായി ഷെർളി ജിസാനിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ജോബിൻ നാട്ടിലാണ്. ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി ഷൈനി അറിയിച്ചു. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.
International
അബുദാബി/റിയാദ്: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ഭീഷണി നേരിടുകയാണെന്നു യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. രാജ്യത്തെ വ്യോമപ്രതിരോധസേന നിലവിൽ ആക്രമണങ്ങളെ ചെറുക്കുകയാണെന്നും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, ഇറാന്റെ ഒരു മിസൈൽ തകർത്തതായും മറ്റൊന്ന് ആൾവാസമില്ലാത്ത മേഖലയിൽ പതിച്ചതായും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ എത്തിയ ഒരു ഡ്രോണും സൈന്യം വെടിവച്ചിട്ടു.
സൗദിക്കെതിരേയുണ്ടായ ഇറാൻ ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ചു ഫ്രാൻസ് തങ്ങളുടെ ഐക്യദാർഢ്യം അറിയിച്ചു. യുദ്ധം മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും രൂക്ഷമായി വ്യാപിക്കുകയാണ്. കുവൈറ്റിലും യുഎഇയിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധസേന തടഞ്ഞു. ബഹ്റിനിൽ അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
NRI
കുവൈറ്റ് സിറ്റി: സൗദി അറേബ്യയിൽ നിന്ന് വരികയായിരുന്ന യാത്രക്കാരനിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ പിടികൂടി. അൽ-സാൽമി അതിർത്തി വഴി കടക്കാൻ ശ്രമിച്ച യാത്രക്കാരനിൽ നിന്നാണ് ഏകദേശം 1400 ഓളം മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വാഹനത്തിനുള്ളിൽ അതിസമർത്ഥമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പതിവ് പരിശോധനക്കിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത ഗുളികകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പ്രതിക്കെതിരേ തുടർ നിയമനടപടികൾ സ്വീകരിക്കും.
International
റിയാദ്: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കടുത്ത നടപടിയുമായി സൗദി അറേബ്യ.റിയാദിലെ ഇറാനിയൻ മിലിട്ടറി അറ്റാഷെയും എംബസി ജീവനക്കാരും ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി പുറത്താക്കി.
ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ തുടങ്ങി അഞ്ച് ഉദ്യോഗസ്ഥരോടാണ് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടത്. ഇറാൻ ഉദ്യോഗസ്ഥരെ 'പെർസോണ നോൺ ഗ്രാറ്റ' ആയി പ്രഖ്യാപിച്ചാണ് പുറത്താക്കിയത്.
രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന കടന്നുകയറ്റങ്ങൾ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് സൗദി വ്യക്തമാക്കി. സൗദിയുടെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവച്ച ബീജിംഗ് കരാറിലെ വ്യവസ്ഥകളും 2026-ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയവും ഇറാൻ ലംഘിച്ചതായി സൗദി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു.
അയൽരാജ്യങ്ങളോടുള്ള മര്യാദ ഇറാൻ ലംഘിച്ചതായും സൗദി ആരോപിച്ചു. മാർച്ച് ഒമ്പതിന് നൽകിയ മുന്നറിയിപ്പ് സൗദി വീണ്ടും ഓർമിപ്പിച്ചു. ആക്രമണങ്ങൾ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് സഖ്യകക്ഷികൾക്ക് വൻതോതിൽ ആയുധങ്ങൾ കൈമാറാൻ അമേരിക്കൻ വിദേശകാര്യ വകുപ്പ് അനുമതി നൽകി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കായി ഏകദേശം 16.5 ബില്യൺ ഡോളറിന്റെ (ഏകദേശം 1.38 ലക്ഷം കോടി രൂപ) ആയുധ ഇടപാടുകൾക്കാണ് അംഗീകാരം ലഭിച്ചത്.
മൊത്തം തുകയിൽ വലിയൊരു ഭാഗവും യുഎഇയിലേക്കാണ് എത്തുന്നത്. ഏകദേശം 12 ബില്യൺ ഡോളറിന്റെ കരാറാണ് യുഎഇയുമായി ഉറപ്പിച്ചത്. ഇതിൽ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും, അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടുന്നു.
സൗദി അറേബ്യയ്ക്ക് ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ടൗ മിസൈലുകൾ നൽകാനും തീരുമാനമായിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് മേഖലയിലെ പ്രതിരോധം ശക്തമാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ. ഗൾഫ് രാജ്യങ്ങളുടെ ആകാശ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മേഖലയിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
International
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.
അതേസമയം കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.
International
റിയാദ്: ഇറാന് മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ ക്ഷമയ്ക്കു പരിധിയുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിലൂടെ ഇറാൻ ബ്ലാക്മെയിൽ തന്ത്രം പയറ്റുകയാണ്. ആക്രമണരീതികളെക്കുറിച്ച് ഇറാൻ പുനരാലോചന നടത്തണം. സൗദിക്കും അയൽ രാജ്യങ്ങൾക്കും പ്രാപ്തിയും ശേഷിയുമുണ്ട്.
ആവശ്യമെങ്കിൽ അവ ഉപയോഗിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. ഇസ്രയേൽ ഇറാന്റെ വാതകപ്പാടത്ത് ആക്രമണം നടത്തിയതിനു മറുപടിയായി ഇറാൻ ഖത്തറിലെയും സൗദിയിലെയും ഊർജ വ്യവസായ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
Kerala
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രവാസികൾക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഒരു ഇന്ത്യക്കാരനെ പോലും കൈവിടില്ലെന്ന് മോദി പറഞ്ഞു.
പശ്ചിമേഷ്യയിലും ഗൾഫ് രാജ്യങ്ങളിലുമുള്ള പ്രവാസികളെ കുറിച്ച് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ബിജെപി-എൻഡിഎ സർക്കാർ സർവ സജ്ജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നമ്മുടെ പൗരന്മാർ എവിടെയെങ്കിലും അപകടത്തിൽപ്പെട്ടാൽ, അവരെ രക്ഷിക്കാനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും തങ്ങൾ സർവ ശക്തിയും ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഇന്നത്തെ ഇന്ത്യ ഒരുകാലത്തും തങ്ങളുടെ പൗരന്മാരെ പ്രതിസന്ധിയിൽ ഉപേക്ഷിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു. കലൂരിൽ നടന്ന 10,800കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരം ഏതാണ്ട് നിലച്ചതോടെ ഉയർന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യൻ കമ്പനികൾ. റിലയന്സ് ഇന്ഡസ്ട്രീസും ഇന്ത്യൻ ഓയിൽ കോർപറേഷനുമാണ് ഏകദേശം മൂന്ന് കോടി ബാരല് റഷ്യൻ എണ്ണ വാങ്ങിയത്.
സ്പോട്ട് മാര്ക്കറ്റില് വിൽപന നടക്കാതിരുന്ന ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്നുകിടന്ന റഷ്യൻ കപ്പലുകളിലുണ്ടായിരുന്ന എണ്ണയാണ് ഇന്ത്യൻ കമ്പനികൾ ഉയർന്ന് വിലയ്ക്ക് വാങ്ങിക്കൂട്ടിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ കമ്പനികളുടെ നീക്കം.
രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ സൗദി അറേബ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വരവും നിലച്ചിരുന്നു.
ഇതോടെയാണ് വീണ്ടും റഷ്യൻ എണ്ണയിലേക്ക് രാജ്യത്തെ കമ്പനികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായത്. എന്നാൽ അമേരിക്കൻ നിയന്ത്രണത്തിന് മുൻപ് ലഭിച്ചിരുന്ന വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് നിലവിൽ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത്.
ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള് ബാരലിന് രണ്ട് മുതല് എട്ട് ഡോളര് വരെ അധിക തുക നല്കിയാണ് ഇന്ത്യ ഇത് വാങ്ങിയത്. യുറല്സ്, ഇഎസ്പിഒ , വരാന്ഡെ തുടങ്ങിയ വിവിധയിനം റഷ്യന് ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം ഒരു കോടി ബാരലും, റിലയന്സ് അത്രതന്നെ അളവിലും റഷ്യൻ എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
National
ന്യൂഡൽഹി: സൗദി അറേബ്യയിലെ അൽ ഖർജ് നഗരത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി തിങ്കളാഴ്ച അറിയിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടെന്ന തരത്തിൽ നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ ഇന്ത്യൻ എംബസി ഔദ്യോഗികമായി നിഷേധിച്ചു.
അതേസമയം, ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരനു പരിക്കേറ്റതായി എംബസി സ്ഥിരീകരിച്ചു. പരിക്കേറ്റയാൾ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എംബസി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ ഇന്ത്യൻ പൗരനെ കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ.സാബിർ സന്ദർശിച്ച് സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് അൽ ഖർജിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചത്. അപകടത്തിൽ ഒരു ഇന്ത്യൻ പൗരനും ഒരു ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റെന്നുമാണ് സൗദി സിവിൽ ഡിഫൻസ് അധികൃതർ ആദ്യം പറഞ്ഞത്.
എന്നാൽ, വിശദമായ പരിശോധനയിൽ ഇന്ത്യക്കാർക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യൻ എംബസി എക്സിലൂടെ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ പൗരന്മാർക്ക് എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അൽഖർജ് നഗരത്തിലെ ക്ലീനിംഗ് കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന സ്ഥലത്താണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ കെട്ടിടത്തിനു വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
International
റിയാദ്: ഇറാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുകയാണെന്നും സൗദി അറേബ്യ.
വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്കു ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സൗദി അറേബ്യക്കും ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾക്കും മറ്റ് അറബ്-ഇസ്ലാമിക് സൗഹൃദ രാജ്യങ്ങൾക്കും നേരേ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമപരിധി താത്കാലികമായി അടച്ചതോടെ ജസീറ എയർവേയ്സ് കുവൈറ്റ് ഓപ്പറേഷൻസ് സൗദിയിലേക്ക് മാറ്റി. സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിനിലുള്ള അൽ-ഖൈസൂമാ വിമാനത്താവളത്തിലേക്ക് മാറ്റുന്നതായാണ് അധികൃതർ അറിയിച്ചത്.
നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് യാത്ര തുടരാൻ സൗകര്യമൊരുക്കുന്നതിനാണ് ഈ തീരുമാനമെന്ന് കമ്പനി സിഇഒ പ്രഥൻ ബസുപതി കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
കുവൈറ്റിൽ നിന്ന് ഏകദേശം 2.5 മണിക്കൂർ റോഡ് യാത്ര ദൂരമാണ് അൽ-ഖൈസൂമാ വിമാനത്താവളത്തിലേക്കുള്ളത്. കുവൈറ്റിൽ നിന്ന് പുറപ്പെടേണ്ടവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ സാധുവായ വീസ തരപ്പെടുത്തി അൽ-ഖൈസൂമയിലെത്തി യാത്ര ചെയ്യാം.
അൽ-ഖൈസൂമാ വിമാനത്താവളത്തിലേക്ക് ബസ് സർവീസുകൾ ആരംഭിക്കുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്. സർവീസ് ഷെഡ്യൂൾ, ബുക്കിംഗ്, യാത്രാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്ന് ജസീറ എയർവേയ്സ് അറിയിച്ചു.
യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ കമ്പനി 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും ബസുപതി പറഞ്ഞു.
International
റിയാദ്: സൗദി അറേബ്യയ്ക്കു നേരെ ഇറാൻ നടത്തിയ പ്രൊജക്ടൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന റിപ്പോർട്ടുകൾ റിയാദിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എംബസി അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം അൽ ഖർജിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും മരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. ഈ വിഷയത്തിൽ ബന്ധപ്പെട്ട സൗദി അധികൃതരുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു.
കൗൺസിലർ (സിഡബ്ല്യു) വൈ. സാബിർ ഞായറാഴ്ച രാത്രി അൽ ഖർജിൽ സന്ദർശനം നടത്തി ദൗർഭാഗ്യകരമായ സംഭവത്തിൽ ഉൾപ്പെട്ട പരിക്കേറ്റ ഇന്ത്യൻ പൗരനെ കണ്ടെന്നും എംബസി കൂട്ടിച്ചേർത്തു. ഒരു ജനവാസ മേഖലയിൽ പതിച്ച ഒരു സൈനിക പ്രൊജക്ടൈൽ മൂലം ഇന്ത്യക്കാരനും ബംഗ്ലാദേശി പൗരനും കൊല്ലപ്പെട്ടതായി സൗദി സിവിൽ ഡിഫൻസ് ഏജൻസി നേരത്തെ പറഞ്ഞിരുന്നു.
National
ന്യൂഡല്ഹി: സൗദി, ഒമാന് വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില് ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്വീസ് എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു.
എയര് ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില് നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് സര്വീസ് നടത്തും. കൊച്ചിയില് നിന്ന് റാസല്ഖൈമയിലേക്ക് എയര് ഇന്ത്യ എക്സ്പ്രസ് സര്വീസ് നടത്തും.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില് നിന്ന് മസ്കറ്റിലേക്ക് സര്വീസുണ്ടാകും. ദുബായില്നിന്ന് ഡല്ഹിയിലേക്കും മുംബൈയിലേക്കും എയര് ഇന്ത്യ സര്വീസ് നടത്തും.
International
റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നതിനിടെ സൗദി അറേബ്യക്ക് നേരെ മിസൈൽ ആക്രമണം. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ ആക്രമണത്തെ കാണുന്നത്.
ശത്രുരാജ്യം വിക്ഷേപിച്ച മിസൈലുകളെ വിജയകരമായി പ്രതിരോധിച്ചതായും എയർബേസിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും സൗദി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനും ഇസ്രയേലും തമ്മിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഇറാൻ ശക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ഉള്ളിലുള്ള ഏകദേശം 200 കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിൽ ഇറാന്റെ മിസൈൽ ലോഞ്ചറുകളും നാവിക കപ്പലുകളും ഉൾപ്പെടുന്നു. ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രയേൽ നഗരങ്ങൾക്ക് നേരെയും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ വല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.
International
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. റാസ് തന്നൂറ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
ബുധനാഴ്ചയുണ്ടായ ആക്രമണ ശ്രമത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് മാലിക്കി കൂട്ടിച്ചേർത്തു.
രാവിലെ നടന്ന ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടത്തി ഇറാൻ. റിയാദിലെ എംബസി കെട്ടിടത്തിന് നേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം. പശ്ചിമേഷ്യയിലെ യുഎസ് കോൺസുലേറ്റുകൾക്ക് നേരെയുണ്ടായ ഒടുവിലത്തെ ആക്രമണമാണ് റിയാദിലേത്.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് ശേഷം അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപക ആക്രമണം നടത്തിയിരുന്നു. യുഎസ് എംബസി രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ തീപിടിത്തവും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങളും ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസി കോമ്പൗണ്ടിന് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു.
Kerala
കൊല്ലം: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് ഇറാൻ ഗൾഫ് രാജ്യങ്ങളെ വ്യാപകമായി ആക്രമിക്കാൻ ആരംഭിച്ചതോടെ ഹോങ്കോംഗില്നിന്ന് സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന കപ്പല് കൊല്ലം തുറമുഖത്ത് അടുപ്പിച്ചു.
ഓഫ് ഷോര് സപ്ലൈ വെസല് ആണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. ആക്രമണം വ്യാപിച്ചിരിക്കുന്നതിനാല് സൗദി അറേബ്യന് തീരത്തേക്കു പോകാന് കഴിയാത്ത സാഹചര്യത്തില് കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പല് അധികൃതര് അനുമതി തേടുകയായിരുന്നു.
കസ്റ്റംസ്, ഇമിഗ്രേഷന് ക്ലിയറന്സ് പൂര്ത്തിയാക്കി കപ്പല് സുരക്ഷിത കേന്ദ്രത്തില് അടുപ്പിച്ചിട്ടുണ്ട്.
ഗള്ഫ് മേഖലയില് ആക്രമണം തുടങ്ങിയതിനു പിന്നാലെ അത്യാവശ്യ ഘട്ടത്തില് കപ്പലുകള് അടുപ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് പോര്ട്ട് അധികൃതര്ക്ക് കേന്ദ്രസർക്കാർ നിര്ദേശം നല്കിയിരുന്നു.
കപ്പലുകള് അടുപ്പിക്കാന് സൗകര്യമുണ്ടെന്നും കൊല്ലത്തേക്ക് മറ്റു കപ്പലുകള് വന്നാല് ഇപ്പോഴുള്ളത് പുറംകടലിലേക്കു മാറ്റുമെന്നും യാത്രാ പ്രതിസന്ധി ഉണ്ടായതോടെയാണ് ചെറു ഓഫ് ഷോര് സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്കുകപ്പല് അല്ലെന്നും പോര്ട്ട് അധികൃതര് അറിയിച്ചു. 12 ജീവനക്കാരാണ് ഓഫ് ഷോര് സപ്ലെ കപ്പലിലുള്ളത്.
International
റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ. അഞ്ച് ഡ്രോണുകൾ അയച്ചാണ് ആക്രമിക്കാൻ ശ്രമിച്ചത്.
എന്നാൽ അഞ്ച് ഡ്രോണുകളും തകർത്തെന്നും ഇവ എയർബേസിനുളളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും സൗദി വാർത്ത ഏജൻസി അറിയിച്ചു. നേരത്തെ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പുറമേയാണ് പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.
ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. എയർബേസിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ അഞ്ച് ഡ്രോണുകളും തകർത്തെന്നാണ് സൗദി പ്രതിരോധ വക്താവ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൗദിയുടെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്. നിലവിൽ 90 മിസൈലുകളിലധികം തകർത്തുകളഞ്ഞതായാണ് സൗദി അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെയും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
Kerala
കൊല്ലം: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോങ്കോംഗിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. സൗദി അറേബ്യൻ തീരത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യമായതിനാൽ കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിടുകയായിരുന്നു.
ചെറു ഓഫ് ഷോര് സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്ക് കപ്പൽ അല്ലെന്നും അധികൃതര് അറിയിച്ചു. യുദ്ധത്തിന്റെ സാഹചര്യം നോക്കിയെ കപ്പലിന്റെ തുടർന്നുള്ള യാത്രയുണ്ടാവൂ. 12 ജീവനക്കാരാണ് കപ്പലിലുള്ളത്.
അതേസമയം ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സൗദി അറേബ്യക്കും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളിൽ ശക്തമായ പ്രതിഷേധവുമായി സൗദി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
International
റിയാദ്: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൗമാരക്കാരനായ ഏക മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി.
12ാം ക്ലാസ് വിദ്യാർഥിയാണ് മകൻ. സംഭവം സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിക്കുന്നത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ് (15) ആണ് മരിച്ചത്. പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഭാര്യ ശ്രീദേവി ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്.
International
വാഷിംഗ്ടൺ: അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ തങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അമേരിക്ക. യുഎസ് സെൻട്രൽ കമ്മാൻഡ് ആണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഇറാന്റെ ആക്രമണം യുഎസിനെ ബാധിച്ചിട്ടില്ലെന്നും തങ്ങളുടെ ഒരു സൈനികനും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നും അമേരിക്ക അറിയിച്ചു. അതേസമയം ഇറാന്റെ 24 പ്രവിശ്യകളിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണമുണ്ടായതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിക്കുന്നു.
24 പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങളിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും റെഡ് ക്രസന്റ് വ്യക്തമാക്കി. എന്നാൽ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും അവകാശവും സംരക്ഷിക്കുന്നതിനായുള്ളതാണ് ഇപ്പോൾ നടക്കുന്ന പോരാട്ടമെന്ന് ഇറാൻ ദേശീയ വക്താവ് ഇസ്മയിൽ ബക്ഷി അറിയിച്ചു.
അന്താരാഷ്ട്ര നിയമം അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുണ്ടെന്നും, യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങൾ ആക്രമണം നേരിടുന്നതെന്നും ഇസ്മയിൽ ബക്ഷി വ്യക്തമാക്കി.
സ്വന്തം രാജ്യത്തിനായി നടത്തുന്ന പ്രതിരോധങ്ങളാണ് തങ്ങളുടെ സായുധ സേനകൾ ചെയ്യുന്നതെന്നും, അവർ രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും ഇസ്മായിൽ ബക്ഷി കൂട്ടിച്ചേർത്തു.